തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ക്ക് വേണ്ടി വഴുതക്കാട് – ഇടപ്പഴിഞ്ഞി റോഡിന് കുറുകെ നടപ്പാലം നിര്‍മ്മിക്കുമെന്ന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. ഇതിനായി എംഎല്‍എ ഫണ്ടില്‍ നിന്നും 65 ലക്ഷം രൂപ വിനിയോഗിക്കും. കോട്ടണ്‍ഹില്‍ സ്‌കൂള്‍ മുതല്‍ ഇടപ്പഴിഞ്ഞി വരെയുളള റോഡ്, ഓടയും ഫുട്ട്പ്പാത്തും നിര്‍മ്മിച്ച് നവീകരിക്കുന്ന പ്രവര്‍ത്തനം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. വെണ്‍പാലവട്ടം – കൊച്ചുവേളി – മാധവപുരം; ആള്‍സെയിന്റ്‌സ് – മാധവപുരം – വേളി – സ്റ്റേഷന്‍ കടവ് -പെരുമാതുറ റോഡുകള്‍ ബി.എം.ആന്‍ഡ് ബി.സി. സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിക്കും. ചാലയില്‍ രജിസ്‌ട്രേഷന്‍ കോംപ്ലക്‌സിന്റെ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കുമെന്നും ഇതിന് ആദ്യഘട്ടമായി ഒരു കോടി രൂപ മാറ്റി വച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.