തിരുവനന്തപുരം : യെമനില്‍ നിന്നും എത്രയുംവേഗം മടങ്ങിവരാന്‍ എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിക്കഴിഞ്ഞതായും ഈ സാഹചര്യം പ്രയോജനപ്പെടുത്തി മലയാളികള്‍ മടങ്ങിയെത്തണമെന്നും സാംസ്‌കാരിക-പി.ആര്‍.ഡി.-നോര്‍ക്ക മന്ത്രി കെ.സി.ജോസഫ് അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ മന്ത്രിമാരുമായും യെമനില്‍ നിന്നെത്തിയ പ്രതിനിധികളുമായും നിയമസഭാചേമ്പറില്‍ ചേര്‍ന്ന അവലോകന യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. യെമനില്‍ ഏകദേശം മൂവായിരത്തോളം മലയാളികള്‍ ഉള്ളതില്‍ 823 പേരെ തിരിച്ചെത്തിച്ചുകഴിഞ്ഞു. ഇതില്‍ 247 പേര്‍ മുംബൈയിലാണെത്തിയത്. ശേഷിക്കുന്നവരെ എത്തിക്കാനുള്ള നടപടികള്‍ ത്വരിതഗതിയില്‍ നടന്നുവരുന്നുണ്ട്. യെമനില്‍ നിന്നുള്ളവരെയുംകൊണ്ടുള്ള വിമാനം മുംബൈവരെയെ എത്തുന്നുള്ളു. ഇത് കൊച്ചിവരെ നീട്ടാന്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിലൂടെ ശാരീരികവും മാനസികവുമായുള്ള അധിക നഷ്ടം ഒഴിവാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ ഉണ്ടെങ്കിലേ ആശുപത്രി പ്രവര്‍ത്തിപ്പിക്കാനാകൂ എന്ന അവസ്ഥയാണവിടെ. അതുകൊണ്ടാണ് തുടക്കത്തില്‍ ഇവരുടെ തിരിച്ചുവരവ് സംബന്ധിച്ച് ചില പ്രശ്‌നങ്ങള്‍ നേരിട്ടത്. എന്നാല്‍ ഇപ്പോള്‍ ചില ആശുപത്രി അധികൃതര്‍ തന്നെ പാസ്‌പോര്‍ട്ട് മടക്കി നല്‍കുകയും എക്‌സിറ്റ് ചാര്‍ജ്, എക്‌സിറ്റ് വിസ എന്നിവയുള്‍പ്പെടെ സഹായം നല്‍കുകയും ചെയ്യുന്നുണ്ട്. യെമനിലെ മലയാളികളെ സംബന്ധിച്ച വിവരങ്ങള്‍ ആരായുന്നതിന് നേരത്തെതന്നെ നോര്‍ക്ക കണ്‍ട്രോള്‍ റൂം ആരംഭിച്ചിരുന്നു. ടോള്‍ഫ്രീ നമ്പറില്‍ ഇന്ത്യയില്‍നിന്നും 1800 425 3939 വിദേശത്തുനിന്നും 0091 4712 333339 എന്നീ നമ്പരില്‍ വിളിക്കാവുന്നതാണ്.