തിരുവനന്തപുരം : ഒന്നു നോക്കുമ്പോഴേ കണ്ണുനീറുന്ന വിലയാണ് മുളകിന്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മുളക് രാസവസ്തുക്കളില്‍ മുങ്ങിയവയാണെന്ന് അറിയാമെങ്കിലും ഭക്ഷണത്തില്‍നിന്ന് ഒഴിവാക്കാനുമാവില്ല. എന്നാല്‍, കേരളത്തിന്റെ മണ്ണിലും മുളക് കൃഷി ലാഭകരമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് കാട്ടായിക്കോണത്തെ പ്രഫുല്ലനെന്ന കര്‍ഷകന്‍. നാടന്‍ തൈകളില്‍ സാങ്കേതികവിദ്യ കൂട്ടിയിണക്കിയാണ് പ്രഫുല്ലന്‍ മുളകില്‍ നൂറുമേനി വിളയിക്കുന്നത്. നാടന്‍ തൈകളില്‍ ഗ്രാഫ്റ്റിങ് ചെയ്താണ് കൃഷിക്കുപയോഗിക്കുന്നത്. തൃശൂര്‍ മണ്ണുത്തിയിലെ കാര്‍ഷിക സര്‍വകലാശാലയില്‍ വികസിപ്പിച്ചെടുത്ത തൈകളാണിവ. പ്രദര്‍ശന കൃഷിത്തോട്ടമായാണ് കാട്ടായിക്കോണത്ത് ഈ കൃഷിരീതി ആരംഭിച്ചത്. നാടന്‍ പച്ചമുളകുതൈകളുടെ തലഭാഗത്ത് അത്യുല്‍പ്പാദനശേഷിയുള്ള സങ്കരയിനത്തിന്റെ തണ്ട് ഒട്ടിക്കുന്ന രീതിയാണ് ഗ്രാഫ്റ്റിങ്ങിലൂടെ ചെയ്യുന്നത്. ഉദാഹരണത്തിന് അനുഗ്രഹ എന്ന നാടന്‍ മുളക് തൈയില്‍ സിയറ എന്ന സങ്കരയിനമാണ് ഗ്രാഫ്റ്റ് ചെയ്യന്നത്. അതിന്റെ ഫലം മുളക് തൈകള്‍ തരുന്നുമുണ്ട്. ഒരു ചെടി ഏഴു കിലോ വരെ മുളകാണ് നല്‍കുന്നത്. സാധാരണ മുളകിനേക്കാള്‍ നല്ല എരിവുമുണ്ട് ഇവയ്ക്ക്. ഒന്നരവര്‍ഷമാണ് ഗ്രാഫ്റ്റിങ്ങിലൂടെയുളള മുളകു തൈകളുടെ ആയുസ്സ്. വേരിലൂടെയാണ് മുളക് തൈകളിലേക്ക് രോഗങ്ങള്‍ പകരുന്നത്. അധികം ആയുസില്ലെന്നതും കീടാണുവിന്റെ ആക്രമണത്തിന് മുളക് തൈകള്‍ എളുപ്പം കീഴടങ്ങുന്നുവെന്ന ആക്ഷേപങ്ങള്‍ക്ക് ഗ്രാഫ്റ്റിങ്ങാണ് ഏറ്റവും നല്ല പരിഹാരമെന്ന് ഈ മുളകു തൈകള്‍ തെളിയിക്കുന്നു. വെട്ടുറോഡ് കൃഷിഭവനോട് ചേര്‍ന്ന പച്ചക്കറി വിപണനകേന്ദ്രത്തിലാണ് ഇവ വില്‍ക്കാനെത്തിക്കുന്നത്. ഒരുകിലോയ്ക്ക് അമ്പതു രൂപവരെ ലഭിക്കാറുമുണ്ട്. ജില്ലയില്‍ ആദ്യമായാണ് ഗ്രാഫ്റ്റിങ് മുളക് കൃഷി ചെയ്യുന്നത്. തൃശൂരില്‍ നിന്ന് ഗ്രാഫ്റ്റ് ചെയ്ത ചെടികളെത്തിക്കുന്നതിനു പകരം ഇവിടെ തന്നെ ഗ്രാഫ്റ്റിങ് ചെയ്യാനുള്ള ഒരുക്കത്തിലാണ് പ്രഫുല്ലനും കൃഷിഭവനും. ഒപ്പം തക്കാളി ചെടിയിലേക്ക് ഗ്രാഫ്റ്റിങ് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. സവാള, ഉള്ളി തുടങ്ങി കേരളത്തിന് പുറത്ത് കൃഷിചെയ്യുന്ന വിളകളും ഇവിടെ പരീക്ഷിച്ച് നേട്ടമുണ്ടാക്കാനുളള ഒരുക്കത്തിലാണ് ഈ കര്‍ഷകന്‍.