ngs2015

side1side1

കേരളം

തിരു: ഷൂട്ടിങ്ങില്‍ എലിസബത്ത് സൂസന്‍ കോശിയുടെ മിന്നുന്ന നേട്ടത്തില്‍ തൊട്ട് ദേശീയ ഗെയിംസിന്റെ മൂന്നാംദിനവും കേരളം തിളങ്ങി. മേളയുടെ ചരിത്രത്തിലെ കേരളത്തിന്റെ ആദ്യ ഷൂട്ടിങ് സ്വര്‍ണമാണ് ഇത്. എലിസബത്തിനൊപ്പം ഡൈവിങ്ങില്‍ മഹാരാഷ്ട്രക്കാരന്‍ സിദ്ധാര്‍ഥ് പര്‍ദേശിയും കേരളത്തിന്റെ മെഡല്‍പട്ടികയ്ക്ക് സുവര്‍ണനിറം ചാര്‍ത്തി. ഭാരോദ്വഹനത്തില്‍ സി വി ഫജര്‍വ് നാസിക് വെള്ളിനേടി. ടെന്നീസിലും ആദ്യമായി കേരളം മെഡലണിഞ്ഞു.

പുരുഷ ടീമിനത്തില്‍ റെയ്നോള്‍ഡ് തിമോത്തിയും ഹാഡിന്‍ ബാവയും ചേര്‍ന്ന് വെങ്കലം നേടി. ആറു സ്വര്‍ണവും ഏഴുവീതം വെള്ളിയും വെങ്കലവുമുള്‍പ്പെടെ 20 മെഡലുമായി നാലാം സ്ഥാനത്താണ് കേരളം. 16 സ്വര്‍ണം ഉള്‍പ്പെടെ 26 പോയിന്റുമായി സര്‍വീസസും 15 സ്വര്‍ണം ഉള്‍പ്പെടെ ഇത്രതന്നെ പോയിന്റുമായി ഹരിയാനയും ഒന്നും രണ്ടും സ്ഥാനത്തു നില്‍ക്കുന്നു.ആദ്യദിനങ്ങളില്‍ കേരളം മെഡല്‍ വാരിയ നീന്തല്‍ക്കുളം നിശബ്ദമായപ്പോള്‍ ഷൂട്ടിങ് റേഞ്ചിയില്‍നിന്നായിരുന്നു അപ്രതീക്ഷിത നേട്ടം. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണില്‍ എലിസബത്തിലൂടെ. അവസാനറൗണ്ടില്‍ ഹരിയാനയുടെ മീനാകുമാരിയെ പിന്തള്ളിയായിരുന്നു എലിസബത്തിന്റെ മനോഹര നേട്ടം.

ഡൈവിങ്പൂളിലും കേരളത്തിന് അപ്രതീക്ഷിത സ്വര്‍ണം ലഭിച്ചു. കേരളത്തിനായി മത്സരിച്ച മഹാരാഷ്ട്രക്കാരന്‍ സിദ്ധാര്‍ഥ് റെക്കോഡോടെ സ്വര്‍ണം നേടി. 28 വര്‍ഷത്തിനുശേഷമാണ് ഡൈവിങ്ങില്‍ കേരളത്തിന്റെ മെഡല്‍ നേട്ടം. ഫുട്ബോള്‍ ഇരു വിഭാഗത്തിലും കേരളം സെമി ഏറെക്കുറെ ഉറപ്പാക്കി. ബീച്ച് വോളി വനിതാ വിഭാഗത്തില്‍ കേരളത്തിന്റെ എ, ബി ടീമുകള്‍ സെമിയിലെത്തി. ഖൊ-ഖൊയില്‍ ഇരു വിഭാഗത്തിലും കേരളം മുന്നേറി.